Tuesday, February 28, 2017

ദൃശ്യകലയിലെ മാസ്മരിക അനുഭവവുമായി ഗാരി ഹില്‍





കൊച്ചി: പടികള്‍ കയറി എറണാകുളം ദര്‍ബാര്‍ ഹാളിന്റെ രണ്ടാം നിലയില്‍  പ്രേക്ഷകന്‍ ചെന്നുപെടുന്നത് അയാളുടെ ശാരീരിക ഭാവങ്ങളെ  ഗാരി ഹില്‍ എന്ന പ്രശസ്തനായ കലാകാരന്‍ ദൃശ്യവല്‍കരിക്കുന്നിടത്താണ്. 

 'സ്വപ്‌നങ്ങള്‍ നിലയ്ക്കുന്നു' (ഡ്രീംസ് സ്‌റ്റോപ്) എന്നാണ് ഈ ദൃശ്യപ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്ന പേര്. ഹാളിനുള്ളിലെത്തുമ്പോള്‍  സ്വപ്‌നങ്ങള്‍ മാത്രമല്ല, പരിസരം പോലും മറന്നു പോകും. ദൃശ്യഭംഗിയുടെ മാസ്മരികത എന്തെന്ന് കാട്ടിത്തരുന്നതാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ഈ വീഡിയോ ആര്‍ട്ട്.

ഉയര്‍ന്ന മുകള്‍ ഭിത്തികളുള്ള ഹാളില്‍ ആദ്യം കാണുന്നത് തന്ത്രശാസ്ത്രത്തിലുള്ള  ശ്രീചക്രം പോലൊരു നിര്‍മ്മിതിയാണ്. അത് മുകളില്‍നിന്ന് തൂക്കിയിട്ടിരിക്കുന്നു. പിന്നെ 31 പ്രൊജക്ടറുകള്‍. അവയിലൂടെ അവ്യക്തമായ ദൃശ്യങ്ങള്‍. മനസ് കലാസൃഷ്ടിയുമായി ചേര്‍ന്നു കഴിയുമ്പോഴാണ് കലാകാരന്റെ വൈഭവം കാഴ്ചക്കാരന് മനസിലാകുന്നത്. ആദ്യം നിഴല്‍ പോലെ തോന്നിച്ച സ്വന്തം രൂപം സ്റ്റീലു കൊണ്ടുണ്ടാക്കിയ ചക്രത്തിനോടടുക്കുമ്പോള്‍ ഭിത്തിയില്‍ പലയിടത്തും തെളിഞ്ഞു വരുന്നു. 

സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ സ്റ്റീല്‍ ചക്രത്തില്‍  പലയിടത്തും കാണുന്നത് ചെറിയ സുഷിരങ്ങള്‍. അതിലെല്ലാം ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ്. ഓരോ ക്യാമറയിലും കാണുന്ന ദൃശ്യങ്ങള്‍ ഓരോ പ്രൊജക്ടറിലേക്ക് നല്‍കിയിരിക്കുന്നു. ഓരോ വീക്ഷണവും ഭിത്തിയിലെ ഏതോയിടത്ത് തെളിയുന്നു. ആദ്യ കാഴ്ചയിലെ കൗതുകം കലാസ്വാദനത്തിന് വഴിമാറുന്നത് ഓരോ സന്ദര്‍ശകനും തിരിച്ചറിയുന്ന നിമിഷമാണത്. പല കോണുകളില്‍ നിന്നായി പല ദൃശ്യങ്ങള്‍. ഇതെല്ലാം സ്വന്തം രൂപം തന്നെയാണെന്നത് കലാകാരന്റെ പ്രതിഭയുടെ ആഴം മനസിലാക്കിത്തരുന്നു. അഹംബോധത്തെ പല കോണുകളില്‍നിന്ന് സ്വയം കാണാന്‍ കഴിയുന്ന കലാരൂപം ആസ്വാദകനെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്.
വീഡിയോ ആര്‍ട്ടിന്റെ മുന്‍നിരക്കാരനെന്ന് അമേരിക്കയിലെ സീയാറ്റില്‍ സ്വദേശിയായ ഗാരി ഹില്ലിനെ നിസ്സംശയം വിശേഷിപ്പിക്കാം ലോകമെമ്പാടും അദ്ദേഹത്തിന്റെ സൃഷ്ടികളില്ലാത്ത മ്യൂസിയങ്ങള്‍ കുറവാണ്. സീയാറ്റിലിലെ റിഡോന്‍ഡോ ബീച്ചിലെ ഹാംബര്‍ഗര്‍ വില്‍പനക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ കലാകാരനായി മാറിയ പാത സംഭവബഹുലമായിരുന്നു.

ചിന്തയിലുള്ള കലയെ അടുക്കും ചിട്ടയോടും കൂടി പ്രദര്‍ശിപ്പിക്കുമ്പോള്‍ കിട്ടുന്ന ലഹരിയില്‍ താന്‍ എന്നും ആവേശഭരിതനാണെന്ന് ഗാരി ഹില്‍ കൊച്ചി ബിനാലെയുടെ തുടക്കത്തില്‍ സംഘടിപ്പിച്ച സംഭാഷണ പരിപാടിയില്‍ പറഞ്ഞിരുന്നു. തന്റെ കലാജീവിതത്തിന്റെ തുടക്കത്തില്‍ ഇരുമ്പുവലകള്‍ വെല്‍ഡ് ചെയ്തുള്ള കലാസൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റേത്.

പതിനഞ്ചാം വയസില്‍ തന്റെ സുഹൃത്തായ ടോണി പാര്‍ക്ക്‌സിന്റെ സ്വാധീനത്തിലാണ് ഗാരി പ്രതിമാ നിര്‍മ്മാണത്തിലേക്ക് ചുവടു വയ്ക്കുന്നത്. അന്നും സ്വപ്നങ്ങള്‍ തന്നെയായിരുന്നു ഗാരിയുടെ ഇഷ്ടവിഷയം. അമേരിക്കന്‍ കലയില്‍നിന്ന് വിഭിന്നമായി യൂറോപ്യന്‍ സ്വാധീനത്തിലുള്ള കലാസൃഷ്ടികളോടായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ മമത. അമേരിക്കന്‍ കലയെന്തെന്നറിയാത്ത സമയത്തും ജിയാകോമെറ്റിയും പിക്കാസോയുമായിരുന്നു തന്റെ ഇഷ്ടതാരങ്ങളെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വീട്ടുകാരെ സഹായിക്കാനായി കുറച്ചുകാലം അധ്യാപകനായി ജോലി നോക്കിയെങ്കിലും പിന്നീട് ബ്രൂസ് ഡോര്‍ഫ്മാനൊപ്പം അദ്ദേഹത്തിന്റെ കലാസംഘത്തില്‍ ഇടം നേടി ഗാരി ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെയാണ് അമേരിക്കന്‍ കലയുടെ വിവിധ വൈവിധ്യങ്ങള്‍ അദ്ദേഹം കാണുന്നത്. 

ന്യൂയോര്‍ക്കില്‍ ഗാരിയുണ്ടാക്കിയ സൃഷ്ടികളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നീടാണ് ശബ്ദ പ്രതിഷ്ഠാപനത്തിലേക്ക് അദ്ദേഹം തിരിയുന്നത്. അറുപതുകളുടെ അവസാനമായിരുന്നു അത്. പാശ്ചാത്യ നാടുകളില്‍ ടിവി തരംഗം തുടങ്ങുന്ന സമയം. വുഡ് സ്റ്റോക് കമ്മ്യൂണിറ്റി റേഡിയോയിലെ ടിവി ലാബ് കോര്‍ഡിനേറ്ററായി ജോലി കിട്ടുന്നതോടെയാണ് അദ്ദേഹം വീഡിയോയുടെ അനന്ത സാധ്യതകള്‍ മനസിലാക്കുന്നത്. രണ്ട് ക്യാമറ സ്വന്തം ശരീരത്തിലേക്കു തന്നെ തിരിച്ചുവച്ച് ശ്വാസഗതിയുടെ ശബ്ദം  കേട്ടുകൊണ്ടായിരുന്നു ആദ്യ പരീക്ഷണം.  അത് പിന്നീട് ഇന്നു കാണുന്ന വ്യത്യസ്തങ്ങളായ സൃഷ്ടിയിലേക്കെത്തുന്നതിനുള്ള ചവിട്ടുപടിയായിരുന്നു.

ഗാരി ഹില്‍ 1973-ലാണ് ആദ്യത്തെ വീഡിയോ കലാരൂപം നിര്‍മ്മിക്കുന്നത്. അതിനുശേഷം ഇന്നു വരെ ലോകം ശ്രദ്ധിച്ച അമ്പതിലധികം സൃഷ്ടികള്‍ അദ്ദേഹം നടത്തി. ഏറ്റവുമൊടുവിലത്തേതാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ഡ്രീംസ് സ്റ്റോപ്.

സ്വന്തം മനസിലെ ആത്മരതിയ്ക്കുള്ള മറുപടിയാണ് ഈ പ്രതിഷ്ഠാപനം. വിവിധ വശങ്ങളില്‍നിന്ന് നോക്കുമ്പോഴാണ് സ്വന്തം രൂപത്തിലെ കുറവുകള്‍ പലരും മനസിലാക്കുന്നത്. അങ്ങിനെ 31 ദിശകളില്‍ സ്വന്തം രൂപം പലരും കാണുന്നത് ആദ്യമായിരിക്കും. 
അഞ്ച് രീതികളിലാണ് ഈ ക്യാമറകളെ തരംതിരിച്ചിരിക്കുന്നത്. ഓരോ അവയവത്തിനുമായി ഓരോ ക്യാമറാക്കൂട്ടമുണ്ട്. ഒരു ക്യാമറയോടു ചേര്‍ന്നുനിന്ന് നോക്കിയാല്‍ മറ്റൊരു ക്യാമറയിലുള്ള  ശരീരഭാഗം തിരശ്ശീലയുടെ ഏതെങ്കിലുമൊരു കോണില്‍ തെളിഞ്ഞു വരത്തക്ക വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം.

ഇതു കൂടാതെ സ്ഫടികം കൊണ്ടുണ്ടാക്കിയ വിവിധ രൂപങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കോളാമ്പിയെ ഓര്‍മ്മിപ്പിക്കുന്ന സ്ഫടിക രൂപത്തില്‍ നിരവധി വര്‍ണങ്ങളിലാണ് നിഴലുകള്‍ മിന്നി മറയുന്നത്. അകത്തേക്കും പുറത്തേക്കും വളഞ്ഞിരിക്കുന്ന ടിവി സ്‌ക്രീനിലൂടെ ഗ്ലാസിലെ വെള്ളവും ശ്വാസഗതിയുടെ ശബ്ദവും സൃഷ്ടിച്ചിരിക്കുന്നു. ഗാരിയുടെ ആദ്യ ശബ്ദ പ്രതിഷ്ഠാപനത്തിന്റെ മാതൃകയില്‍ തന്നെയാണിത്.

No comments:

Post a Comment