Friday, February 10, 2017

അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കൊച്ചി ബിനാലെ വളരുന്നു, രാജ്യാന്തര കലാശൃംഖലയില്‍ പങ്കാളി



കൊച്ചി: കലയിലും വിജ്ഞാന സൃഷ്ടിയിലും വിനിമയത്തിലും പരസ്പര സഹകരണം ലക്ഷ്യമിട്ട് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ദക്ഷിണേഷ്യയിലെയും വടക്കന്‍ ഇംഗ്ലണ്ടിലെയും പത്തു മുന്‍നിര കലാസ്ഥാപനങ്ങള്‍ അംഗമായ 'ന്യൂ നോര്‍ത്ത് ആന്‍ഡ് സൗത്ത്' എന്ന കലാശൃംഖലയില്‍ പങ്കാളിയാകുന്നു. 

സഹ സംരംഭങ്ങള്‍, കലാപ്രദര്‍ശനങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവയിലൂടെ രണ്ടു മേഖലകളിലെയും സമകാലീന കലയിലെ ഉന്നതമായ സാന്നിധ്യമാവുകയാണ് ന്യൂ നോര്‍ത്ത് ആന്‍ഡ് സൗത്തിന്റെ ലക്ഷ്യം. കലാപരവും ബൗദ്ധികവുമായ ആവിഷ്‌കാരവും തര്‍ക്കവിധേയമായ ചരിത്രങ്ങളിലേക്കുള്ള അന്വേഷണവും പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.
  
കൊച്ചി മുസിരിസ് ബിനാലെയ്‌ക്കൊപ്പം ഉപഭൂഖണ്ഡത്തില്‍നിന്നുള്ള ധാക്ക ആര്‍ട് സമ്മിറ്റ്, കറാച്ചി, ലഹോര്‍ ബിനാലെകള്‍, കൊളംബോ ബിനാലെ എന്നിവയുമായി വടക്കന്‍ ഇംഗ്ലണ്ടിലെ സമകാലിക കലാസംഘടനകളായ മാഞ്ചസ്റ്റര്‍ ആര്‍ട് ഗാലറി, വിറ്റ്‌വര്‍ത് ആര്‍ട് ഗാലറി, മാഞ്ചസ്റ്റര്‍ മ്യൂസിയം, ലിവര്‍പൂള്‍ ബിനാലെ, ടെറ്റ്‌ലി ആര്‍ട് ഗാലറി, ബ്രിട്ടിഷ് കൗണ്‍സില്‍ എന്നിവയ്ക്കു പങ്കാളിത്തം നിലവില്‍ വരും. ഇംഗ്ലണ്ട് ആര്‍ട്‌സ് കൗണ്‍സിലിന്റെ പിന്തുണയുമുണ്ടാകും.  
സഹകരണത്തിനും വിനിമയത്തിനും താല്‍പര്യപ്പെടുന്ന ബിനാലെ ഫൗണ്ടേഷന്‍ ദക്ഷിണേഷ്യയിലെയും ബ്രിട്ടനിലെയും സമാനസംരംഭങ്ങളുമായി അറിവും സര്‍ഗാത്മകതയും പങ്കുവയ്ക്കാനുള്ള ദീര്‍ഘകാല ബന്ധത്തിലേര്‍പ്പെടുന്നതില്‍ അഭിമാനമുണ്ടന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പരസ്പരബന്ധിതവും സൃഷ്ടിപരവുമായ ഭാവിലോകം തുറന്നു തന്നതില്‍ ഇംഗ്ലണ്ട് ആര്‍ട്‌സ് കൗണ്‍സിലിനോട് ഏറെ കടപ്പാടുണ്ട്. 

രണ്ടു ഭൂഖണ്ഡങ്ങളിലെയും വ്യത്യസ്താഭിരുചിയുള്ള കാണികള്‍ തമ്മില്‍ കൂടുതല്‍ താദാത്മ്യം ഉറപ്പാക്കുന്നതിനായി ഏകാംഗ കലാപ്രദര്‍ശനങ്ങള്‍, കലാപ്രകടനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, സാമൂഹിക ചരിത്ര സംരംഭങ്ങള്‍ എന്നിവയുടെ പരമ്പര സംഘടിപ്പിക്കും. മാഞ്ചസ്റ്ററിലെ വിറ്റ്‌വര്‍ത്ത് ആര്‍ട് ഗാലറിയില്‍ സോണി തരാപര്‍വാലയുടെ ഫോട്ടോ റിട്രോസ്‌പെക്ടീവോടെ മാര്‍ച്ചില്‍ ഇതിനു തുടക്കമാകും.  കലാകാരന്‍മാരായ മെഹ്‌റീന്‍ മുര്‍താസ, വഖസ് ഖാന്‍, ഹെറ്റയ്ന്‍ പട്ടേല്‍, നേഹ ചോക്‌സി, റിഷാം സയിദ് എന്നിവരുടെ പ്രദര്‍ശനങ്ങള്‍ തുടര്‍ന്നു വരുന്ന മാസങ്ങളില്‍ മാഞ്ചസ്റ്റര്‍ നഗരത്തില്‍ അരങ്ങേറും. മാഞ്ചസ്റ്റര്‍ ആര്‍ട് ഗാലറിയില്‍ ടെന്റേറ്റീവ് കലക്ടീവ്, വിറ്റ്‌വര്‍ഗ് ഗാലറിയില്‍ റാക്‌സ് മീഡിയ കലക്ടീവും റാക്വിബ് ഷായുടെ പ്രദര്‍ശനവും, മാഞ്ചസ്റ്റര്‍ മ്യൂസിയത്തില്‍ റീന സൈനി കല്ലാട്ടിന്റെ പ്രദര്‍ശനം, സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മ്യൂസിയത്തില്‍ നിഖില്‍ ചോപ്രയുടെ അവതരണം എന്നിവയുമുണ്ടാകും. 

പൊതുപരിപാടികള്‍ക്ക് സമാന്തരമായി ലിവര്‍പൂള്‍ ബിനാലെ ആതിഥ്യം വഹിക്കുന്ന റസിഡന്റ് കലാപരമ്പരകളും നടക്കും. ദക്ഷിണേഷ്യയിലെ യുവകലാകാരന്‍മാര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള കലാകാരന്മാര്‍ക്കും ക്യുറേറ്റര്‍മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനും അവസരമുണ്ടാകും. 
ലീഡ്‌സില്‍ നിഖില്‍ ചോപ്ര, മാധവി ഗോരെ, ജന പ്രപലു എന്നിവര്‍ പങ്കെടുക്കുന്ന ശില്‍പശാലയ്ക്ക് ടെറ്റ്‌ലി ആതിഥ്യം വഹിക്കും. ഓഗസ്റ്റില്‍ ദക്ഷിണേഷ്യയില്‍നിന്നും ബ്രിട്ടനില്‍നിന്നും ന്യൂ നോര്‍ത്ത് ആന്‍ഡ് സൗത്ത് തിരഞ്ഞെടുക്കുന്ന 12 കലാകാരന്‍മാരുടെ വാരാന്ത്യ പ്രഭാഷണങ്ങളും കലാപ്രകടനങ്ങളും നടക്കും. 

പുതിയ സംരംഭത്തിലൂടെ വടക്കന്‍ ഇംഗ്ലണ്ടിലെ ബിനാലെകള്‍ക്കൊപ്പം നില്‍ക്കാന്‍ ദക്ഷിണേഷ്യന്‍ ബിനാലെകളെ സഹായിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രിട്ടിഷ് കൗണ്‍സിലിന്റെ സൗത്ത് ഏഷ്യ ആര്‍ട്‌സ് ഡയറക്ടര്‍ ജിം ഹോളിങ്ടണ്‍ പറഞ്ഞു. പങ്കാളിത്തവും വിനിമയവും കലാസംരംഭങ്ങളെയും അതില്‍ ഉള്‍പ്പെടുന്ന വ്യക്തികളെയും ശക്തിപ്പെടുത്തും, ദക്ഷിണേഷ്യയിലെയും ബ്രിട്ടനിലെയും ജനങ്ങള്‍ സമ്മിലുള്ള ധാരണകള്‍ മെച്ചപ്പെടുത്തും. മേഖലയിലെ കലാപ്രവണതകളെ പരിപോഷിപ്പിക്കുന്നതില്‍ ദക്ഷിണേഷ്യന്‍ ബിനാലെകള്‍ക്കു വലിയ പങ്കുണ്ടെന്നും ഹോളിങ്ടണ്‍ പറഞ്ഞു. 
 

No comments:

Post a Comment