Wednesday, March 22, 2017

ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസ് ബിനാലെയുടെ സ്ഥിരം വേദിയാകും: തോമസ് ഐസക്



കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥിരം വേദിയാക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ബിനാലെയുടെ  സ്ഥിരം വേദിക്കായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസും പരിസരത്തെ ചില പ്രദേശങ്ങളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം മന്ത്രി അറിയിച്ചത്.

ആസ്പിന്‍വാള്‍ ഹൗസിലെ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയതായിരുന്നു ധനമന്ത്രി. പടിഞ്ഞാറു നിന്ന് വരുന്ന സഞ്ചാരികള്‍ കേരളത്തില്‍ ആദ്യം കാണുന്ന സ്ഥലമാണ് പൗരാണിക പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചി. ഇവിടുത്ത വേദി എത്ര കാലത്തേക്ക് ലഭ്യമാകും എന്നത് ആദ്യ ബിനാലെ മുതലുള്ള പ്രശ്‌നമാണെന്ന് ഡോ.തോമസ് ഐസക് പറഞ്ഞു. ആസ്പിന്‍വാള്‍ ഹൗസ് ബിനാലെയുടെ സ്ഥിരം വേദിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇതോടൊപ്പം സമീപത്തുള്ള കുറച്ചു സ്ഥലങ്ങള്‍ കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ബജറ്റില്‍ പണം നീക്കി വച്ചിട്ടുണ്ട്. ഇതോടു കൂടി രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ സാംസ്‌കാരിക സംഗമത്തിന് സ്ഥിരം സ്വഭാവം കൈവരുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ആസ്പിന്‍വാള്‍ കെട്ടിട സമുച്ചയത്തിലെ ഒരു ഭാഗം സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. പാട്ടം അവസാനിപ്പിച്ച് സ്ഥലം തിരിച്ചെടുക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. കെട്ടിട നിര്‍മ്മാതാക്കളുടെ കൈവശമുള്ള ബാക്കിയുള്ള ഭൂമി സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ബിനാലെ തുടങ്ങിയ വര്‍ഷം ഇതേക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത്രയും പണം മുടക്കി കലാപ്രദര്‍ശനങ്ങള്‍ വേണോ എന്നുള്ളതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ മൂന്നു ലക്കങ്ങളിലൂടെ സംസ്ഥാന ഖജനാവിലേക്ക് ടൂറിസം രംഗത്തു നിന്നു വന്ന വരുമാനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരളമെന്ന ബ്രാന്‍ഡ് വിദേശ രാജ്യങ്ങളിലെത്തിക്കാന്‍ ഏതാണ്ട് 60 കോടിയോളം രൂപ പരസ്യച്ചെലവിലേക്കായി നല്‍കുന്നുണ്ട്. എന്നാല്‍ ബിനാലെയിലൂടെ സംസ്ഥാനത്തിന് അതിലേറെ പ്രചാരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികളെ അനുഭവിക്കാന്‍ ബിനാലെയിലൂടെ അവസരമൊരുങ്ങുകയാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഫൈന്‍ ആര്‍ട്ട്‌സ് കോളേജുകള്‍ ബിനാലെ പ്രദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദര്‍ശനങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി കേരളത്തിലെ ലളിത കലാ വിദ്യാര്‍ത്ഥികള്‍ മാറണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കലാപരമായി ഉന്നതമായ നിലവാരം ബിനാലെ സൃഷ്ടികള്‍ പുലര്‍ത്തുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പൊന്നാനിയെക്കുറിച്ചുള്ള കെ.ആര്‍ സുനിലിന്റെ പ്രദര്‍ശനം ഏറെ ഇഷ്ടമായി. പൊന്നാനി പഴയ പട്ടണത്തിന്റെ പൈതൃകം സംരക്ഷിക്കാനായുള്ള പദ്ധതിക്ക് ഇക്കുറി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment