കൊച്ചി: ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കടലിനോട് അഭിമുഖമായി ഇരിക്കുന്ന ഹാളിലാണ് നൈജീരിയന്‍ ആര്‍ട്ടിസ്റ്റ് വുറ നതാഷ ഒഗുന്‍ജിയുടെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കടലാസില്‍ തുന്നിയെടുത്ത ചിത്രങ്ങള്‍ക്ക് ഗഹനമായ അര്‍ത്ഥവും തലങ്ങളുമാണുള്ളത്. തൊഴിലെടുക്കാന്‍ പോലും അര്‍ഹതയില്ലാത്ത സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം പോലെയാണ് ഈ ചിത്രങ്ങള്‍.
നൈജീരിയയില്‍ ജനിച്ചെങ്കിലും ഒഗുന്‍ജിയുടെ സ്ഥിര താമസം അമേരിക്കയിലാണ്. എന്നാലും ലിംഗനീതിയില്ലാത്തതിന്റെ പേരില്‍ നൈജീരിയയില്‍ നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ചുവരെഴുത്തിനെതിരെയുള്ള പ്രതികരണം കൂടിയാണ് അവരുടെ ബിനാലെ സൃഷ്ടി.
നാല് ചിത്രങ്ങളാണ് ഒഗുന്‍ജി തുന്നിച്ചേര്‍ത്തിരിക്കുന്നത്. 2011 ലും 2016 ലും വരച്ച ബാലസ്റ്റ്, ചീറ്റ, വ്യു ഫ്രം അറ്റ്‌ലാന്റിസ് എന്നിവയാണ് സൃഷ്ടികള്‍. വസ്ത്രങ്ങളിലെ ചിത്രനിര്‍മ്മാണം സ്ത്രീകള്‍ക്ക് മാത്രം മാറ്റി വയ്ക്കപ്പെട്ട ജോലികളിലൊന്നാണ്. എന്നാല്‍ നൈജീരിയ പോലുള്ള രാജ്യത്ത് അതു പോലും അനുവദിക്കാത്ത തരം ഗോത്രവര്‍ഗ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു.
സൃഷ്ടിപരമായ സൗന്ദര്യം ഏറെയുള്ളതാണ് ഒഗുന്‍ജിയുടെ എല്ലാ ചിത്രങ്ങളും. സാധ്യതകളുടെ സാഗരം തന്നെ അവരുടെ ചിത്രങ്ങളില്‍ കാണാം. 2011 ലും 16 ലും വരച്ചതാണെങ്കിലും കാലത്തിനതീതമായി സഞ്ചരിക്കുന്നവയാണ് ഈ സൃഷ്ടികള്‍.
കലയ്ക്ക് എന്തു ചെയ്യാനാകുമെന്ന് കാട്ടിക്കൊടുക്കാനാണ് ഈ പരിസരം താനുപയോഗിച്ചതെന്ന് ഒഗുന്‍ജി പറഞ്ഞു. ഇന്ദ്രിയങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ അതു നമ്മെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകും. കലാസൃഷ്ടിയിലൂടെ ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഉത്തരങ്ങളെന്തായാലും അത് പ്രശ്‌നമല്ല. കാരണം ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കലാകാരന്മാര്‍ സൃഷ്ടി നടത്തുമ്പോള്‍ ചെയ്യുന്ന പരിശ്രമം പോലെ പ്രധാനമാണ് കാഴ്ചക്കാരന്റേതും. കലാസ്വാദനത്തില്‍ അല്‍പം ഗൃഹപാഠം ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമ്പോഴാണ് പ്രദര്‍ശനത്തിന് അര്‍ത്ഥമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.
സ്വന്തം അച്ഛനെക്കുറിച്ചുള്ള ചിത്രവും അവര്‍ ബിനാലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അച്ഛന്‍, അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നു. അതും എതിര്‍ദിശയിലേക്ക്. ചിത്രത്തിന്റെ ഇടതു ഭാഗത്തായി ഒഗുന്‍ജിയുടെ മുത്തശ്ശിയുണ്ട്. കറുപ്പും വെളുപ്പുമായ വസ്ത്രമണിഞ്ഞ അവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നു. തൊട്ടടുത്ത് കയ്യില്‍ വിമാനം പിടിച്ചിരിക്കുന്ന ഗര്‍ഭിണിയുടെ രൂപം.
ഒഗുന്‍ജിയെ വീട്ടുകാരുമായി വേര്‍പിരിയിപ്പിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നത്. അത് ചരിത്രവും ഓര്‍മ്മയും വേര്‍പിരിയലുമാണ്. വീടിന്റെയും സ്വദേശത്തിന്റെ അസ്തിത്വത്തിന്റെയും ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേ ഒഗുന്‍ജിയുടെ പ്രദര്‍ശനത്തിലൂടെ കടന്നു പോകാന്‍ സാധിക്കൂ
No comments:
Post a Comment