Thursday, March 23, 2017

വാതില്‍പ്പടികളുടെ രാഷ്ട്രീയം പറഞ്ഞ്‌ എന്‍ഡ്രി ഡാനിയുടെ ബിനാലെ പ്രദര്‍ശനം





കൊച്ചി: ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം പിറന്നു എന്നതു പോലെ വിപ്ലവകരമൊന്നുമല്ല എന്‍ഡ്രി ഡാനിയുടെ തലയൊന്ന്‌ വാതില്‍പ്പടിയില്‍ ഇടിച്ചപ്പോള്‍ സംഭവിച്ചത്‌. എന്തു കൊണ്ടാണ്‌ അല്‍ബേനിയയിലെ കെട്ടിടങ്ങളുടെ കവാടങ്ങള്‍ക്ക്‌ പൊക്കം കുറവാണെന്ന ചിന്തയായിരുന്നു. അതു ഡാനിയെ കൊണ്ടു ചെന്നെത്തിച്ചത്‌ സി എം 182(സെന്റി മീറ്റര്‍ 182) എന്ന ഫോട്ടൊഗ്രാഫിക്‌ സൃഷ്ടിയിലാണ്‌. മട്ടാഞ്ചേരിയിലെ ബിനാലെ വേദികളിലൊന്നായ ടികെഎം വെയര്‍ഹൗസിലാണ്‌ എന്‍ഡ്രി ഡാനിയുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌.

ഒരു കല്യാണപാര്‍ട്ടിക്കു പോയപ്പോഴാണ്‌ കെട്ടിടങ്ങളുടെ കവാടത്തിന്റെ പൊക്കക്കുറവ്‌ വേദനയുടെ രൂപത്തില്‍ ഡാനിക്ക്‌ അനുഭവിക്കേണ്ടി വന്നത്‌. പിന്നീട്‌ എവിടെപ്പോയാലും തലമുട്ടാതിരിക്കാന്‍ കവാടങ്ങളുടെ പൊക്കം അറിയാതെ നോക്കി പോകും. അങ്ങിനെ പത്തിരുപത്‌ സ്ഥലങ്ങളിലായപ്പോള്‍ ഇതില്‍ ഒരു വ്യത്യസ്‌തത ഡാനിക്ക്‌ അനുഭവപ്പെട്ടു. അങ്ങനെയാണ്‌ വെറും 182 സെന്റീ മീറ്റര്‍ മാത്രം ഉയരമുള്ള ഒരുപോലുള്ള കവാടങ്ങളാണ്‌ അല്‍ബേനിയയിലെങ്ങും എന്ന കാര്യം ഡാനിയുടെ ശ്രദ്ധയില്‍ പെടുന്നത്‌.

ഷ്‌കോഡ്ര, ബുറേല്‍, ഫിയര്‍, കോര്‍സ, എല്‍ബാസന്‍, പോഗ്രാഡെക്‌, ലെഷ, ടിറാന തുടങ്ങി അല്‍ബേനിയയിലെ എല്ലാ നഗരങ്ങളിലെയും കെട്ടിട കവാടങ്ങള്‍ക്ക്‌ ഒരേ പൊക്കമാണെന്ന്‌ ഡാനി മനസിലാക്കി. ഇവ പണിത ആര്‍ക്കിടെക്‌റ്റുകളെ കണ്ടപ്പോഴാണ്‌ ഇവയ്‌ക്ക്‌ പിന്നിലെ രാഷ്ട്രീയം ഡാനി തിരിച്ചറിഞ്ഞത്‌. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസ്റ്റ്‌ ചേരിയിലായിരുന്നു അല്‍ബേനിയ. അന്നത്തെ കമ്മ്യൂണിസറ്റ്‌ ഏകാധിപതിയായിരുന്ന എന്‍വര്‍ ഹോക്‌സയുടെ ഉയരമാണ്‌ എല്ലാ കവാടടങ്ങള്‍ക്കും; 182 സെന്റീമീറ്റര്‍!

യുദ്ധം കഴിഞ്ഞതിനു ശേഷം ജനങ്ങള്‍ക്ക്‌ താമസിക്കാനായി വീടുകള്‍ വ്യാപകമായി പണിതു കൂട്ടി. പുതിയ മനുഷ്യനെ നിര്‍മ്മിക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ്‌ അല്‍ബേനിയയുടെ മുദ്രാവാക്യം തന്നെ. ഇതെല്ലാം ഫോട്ടോയാക്കുകയാണ്‌ ഡാനി ചെയ്‌തത്‌. എല്ലാ കവാടങ്ങളുടെയും മുന്നില്‍ പോയി നിന്ന്‌ ഫോട്ടോയെടുക്കുക. ജര്‍മ്മന്‍ ഫോട്ടോഗ്രാഫറുടെ സഹായത്തോടെയാണ്‌ ഡാനി ഇത്‌ ചെയ്‌തത്‌.

മാനവികതയിലൂന്നിയുള്ള സൃഷ്ടിയായിട്ടാണ്‌ ഡാനി ഇതിനെ കാണുന്നത്‌. മനുഷ്യനും നിര്‍മ്മിതിക്കും ഒരേ പൊക്കമെന്നത്‌ കേവലം യാദൃഛികം മാത്രമായി കാണാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അത്‌ ഇന്നലെയുടെ പ്രതീകമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പ്രദര്‍ശനത്തോടൊപ്പം ഒരു ഡയറിയും ഡാനി വച്ചിട്ടുണ്ട്‌. ഈ സംരഭത്തിനൊപ്പം പ്രവര്‍ത്തിച്ചവരുടെ കുറിപ്പുകളാണ്‌ അതിലെ ഉള്ളടക്കം. അല്‍ബേനിയയില്‍ സഞ്ചരിച്ച സമയത്തെ ഗൂഗിള്‍ മാപ്പ്‌ പ്രിന്റ്‌ ഔട്ടുകള്‍, സ്വന്തം രൂപത്തെയും കെട്ടിടത്തെയും ബന്ധിപ്പിക്കുന്ന എക്‌സ്‌റേ ചിത്രങ്ങള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി വച്ചിരിക്കുന്നു.

ഇത്‌ കേവലം അല്‍ബേനിയയിലെ മാത്രം കഥയല്ലെന്നാണ്‌ എന്‍ഡ്രി ഡാനിയുടെ കണ്ടെത്തല്‍. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കിഴക്കന്‍ യൂറോപ്പിലെ എല്ലാ കെട്ടിടങ്ങള്‍ക്കും പരസ്‌പര സാദൃശ്യം വ്യക്തമാണ്‌. ഇതെല്ലാം തന്നെ മറ്റു സ്ഥലങ്ങളില്‍ ഉണ്ടാക്കി അതത്‌ സ്ഥലങ്ങളില്‍ കൊണ്ടു വന്ന്‌ യോജിപ്പിച്ചവയാണ്‌. യുഎസ്‌എസ്‌ആറുമായി അല്‍ബേനിയയ്‌ക്ക്‌ നല്ല ബന്ധമായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നു.

കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലെ സാദൃശ്യമാണ്‌ ഡാനിയുടെ അടുത്ത അന്വേഷണ വിഷയം. കമ്മ്യൂണിസറ്റ്‌ ഭരണം നിന്ന സ്ഥലങ്ങളൊക്കെ അതിനായി അദ്ദേഹം സന്ദര്‍ശിക്കുകയാണ്‌. ബിനാലെയിലെത്തിയപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണമെന്നറിഞ്ഞപ്പോള്‍ കെട്ടിടങ്ങള്‍ കാണമണമെന്ന്‌ തോന്നി. പക്ഷെ നിരാശപ്പെടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment