കൊച്ചി: ഫാഷന്‍ വ്യവസായത്തിനെ ആശയപരമായി വിമര്‍ശിക്കുന്ന റഷ്യന്‍ കലാകൂട്ടായ്മയായ എഇഎസ്+എഫിന്റെ ഡിഫൈല്‍ എന്ന ബിനാലെ സൃഷ്ടി മനസിനെ അസ്വസ്ഥമാക്കുന്നുവെന്ന് ലോകപ്രശസ്ത മോഡല്‍ ലക്ഷ്മി മേനോന്‍. കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ സുഹൃത്തായ ആര്‍ക്കിടെക്ട് ബിജോയി ജെയിനുമൊത്ത് വന്നതായിരുന്നു അവര്‍.
പ്രമേയങ്ങളെ തീഷ്ണമായി തന്നെ കാഴ്ചക്കാരന്റെ മനസിലേക്ക് കയറ്റി വിടുന്നവയാണ് ബിനാലെ സൃഷ്ടികളെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു. എഇഎസ്+എഫിന്റെ സൃഷ്ടി മനസിനെ തകിടം മറിക്കുന്നതാണ്. ശവശരീരങ്ങളെ ബാര്‍ബി പാവകളെപ്പോലെ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചിരിക്കുന്നു. ഇത് മനസിനെ ഏറെ ആകുലപ്പെടുത്തുന്ന സൃഷ്ടിയാണ്. ഈജിപ്തിലെ മമ്മി ആശയത്തില്‍ നിന്നാകാം ഇവര്‍ക്ക് ഈ സൃഷ്ടിയെക്കുറിച്ചുള്ള പ്രമേയം കിട്ടിയതെന്നും ലക്ഷ്മി പറഞ്ഞു.
അന്താരാഷ്ട്ര ഫാഷന്‍ ലോകത്ത് ഇന്ത്യയില്‍ നിന്നും മുദ്ര പതിപ്പിച്ച ഏറ്റവും പ്രശസ്തയായ മോഡലാണ് 35 കാരിയായ ലക്ഷ്മി മേനോന്‍. ജീന്‍ പോള്‍ ഗോള്‍ടിയര്‍, സ്‌റ്റെല്ല മാക് കാര്‍ടിനി, സാക് പോസെന്‍, അലക്‌സാണ്ടര്‍ വാങ്, ചാനല്‍ ആന്‍്ഡ ഗിവെഞ്ചി എന്നീ ഡിസൈനര്‍മാര്‍ക്കൊപ്പം ചുവടു വച്ചിട്ടുള്ള ഏക ഇന്ത്യന്‍ മോഡല്‍ കൂടിയാണവര്‍.
കശ്മീരിനെക്കുറിച്ചുള്ള ഭരത് സിക്കയുടെ സൃഷ്ടി തന്നെ സ്വാധീനിച്ചെന്ന് അവര്‍ പറഞ്ഞു. വളരെ മൃദുലവും സൂക്ഷ്മവുമായി കശ്മീരിനെ വരച്ചു കാണിക്കുന്നു. ആകര്‍ഷകമായാണ് ദുഖത്തില്‍ പൊതിഞ്ഞ ഇത് സൃഷ്ടിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഹാവിയര്‍ പരേസിന്റെ എന്‍ പുന്റാസ് എന്ന വീഡിയോ ഇന്‍സ്റ്റലേഷന്‍ കണ്ടപ്പോള്‍ കത്തിക്കു മുകളിലൂടെ നടക്കുന്ന അനുഭൂതിയാണ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. ഭീമന്‍ പിയാനോയ്ക്ക മുകളില്‍ ബാലെ കളിക്കുന്നതാണ് എന്‍ പുന്റാസിന്റെ പ്രമേയം. ബാലെ കളിക്കുന്നയാളുടെ ഷൂസിന്റെ മുന്‍ഭാഗത്ത് നീണ്ടു നില്‍ക്കുന്ന കത്തിയുമുണ്ട്. പൊന്നാനിയിലെ ജനങ്ങളെക്കുറിച്ച് മലയാളി ആര്‍ട്ടിസ്റ്റ് കെ ആര്‍ സുനില്‍ ചെയ്ത ഫോട്ടോകളും ലക്ഷ്മിക്ക് ഏറെ ഇഷ്ടമായി. പൊന്നാനിയിലെ ജനങ്ങളുടെ ജീവിതവും സംസ്‌കാരവും നോക്കിക്കാണുന്ന പ്രദര്‍ശനം കാഴ്ചയുടെ കവിതയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
മാനവികതയുടെ ഇന്നത്തെ സ്ഥിതിയെന്നാണ് ബിനാലെ പ്രദര്‍ശനങ്ങളെ ആര്‍ക്കിടെക്ട് ബിജോയി ജെയിന്‍ വിശേഷിപ്പിച്ചത്. സമകാലീനകലയിലെ നിരവധി വീക്ഷണങ്ങളും ചിന്തകളുമെല്ലാം സംയോജിപ്പിക്കുന്ന അന്തരീക്ഷമാണ് ബിനാലെയില്‍ ഉള്ളതെന്ന് യേല്‍ സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായ ബിജോയി ചൂണ്ടിക്കാട്ടി. മാനവിക വളര്‍ച്ചയുടെ കലാബന്ധിതമായ രേഖപ്പെടുത്തലാണ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment