കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സംഘത്തിന്റെ ഒഴുക്ക് തുടരുന്നു. ചിക്കാഗോയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി- അധ്യാപക സംഘമാണ് ഏറ്റവുമവസാനം ബിനാലെ സന്ദര്‍ശിക്കാനെത്തിയത്.
ഇരുപതംഗ സംഘത്തിലെ കാതറീന്‍ ട്രിമ്പിളിന് ഏറെ ഇഷ്ടമായത് ബിനാലെയില്‍ ഒരുക്കിയ ശബ്ദ സൃഷ്ടികളാണ്. കാമില്ലി നോര്‍മന്റിന്റെ പ്രൈം ആണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറഞ്ഞ കാതറീന്‍, ഏതു കലയെയും നേരിട്ട് സംബോധന ചെയ്യാന്‍ പറ്റിയ മാധ്യമം ശബ്ദമാണെന്ന് വിശദീകരിച്ചു. സ്വന്തം വികാരങ്ങളെ ചിന്തകള്‍ക്കപ്പുറത്തേക്ക് സ്വാധീനിക്കാന്‍ ശബ്ദങ്ങള്‍ക്ക് സാധിക്കുമെന്നവര്‍ പറഞ്ഞു. ശബ്ദ പ്രതിഷ്ഠാപനങ്ങള്‍ക്ക് ബിനാലെയില്‍ നല്‍കിയിരിക്കുന്ന പ്രാധാന്യം ഉണര്‍വ് നല്‍കുന്ന അനുഭവമാണെന്ന് അവര്‍ പറഞ്ഞു. ഗബ്രിയേല്‍ ലെസ്റ്ററുടെ ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്‌സും റൗള്‍ സുരീറ്റയുടെ സീ ഓഫ് പെയിനും ഏറെ സ്വാധീനിച്ചെന്ന് കാതറീന്‍ അഭിപ്രായപ്പെട്ടു.
ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയും ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും വിദ്യാര്‍ത്ഥി സംഘത്തിനായി ആശയവിനിമയ സദസ് സംഘടിപ്പിച്ചു.
എല്ലാ വേദികളിലെയും പ്രാദേശിക ജനത ബിനാലെയോട് കാണിക്കുന്ന സഹകരണം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് കായ്‌ല പാര്‍സണ്‍സ് പറഞ്ഞു. ബിനാലെയുമായി ബന്ധപ്പെട്ട ഒറ്റ പോസ്റ്ററോ ചുവരെഴുത്തോ ആരും വൃത്തികേടാക്കിയിട്ടില്ലെന്ന് പാര്‍സണ്‍സ് ചൂണ്ടിക്കാട്ടി.
ബിനാലെ തങ്ങളുടെ സ്വന്തമാണെന്ന ബോധമാണ് പ്രദേശവാസികളെ ഈ സംരംഭവുമായി അടുപ്പിച്ചതെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ഫിലിം സൊസൈറ്റി പ്രസ്ഥാനം പോലെയുള്ള മൃദുശക്തികളെ പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മറ്റ് ബിനാലെകളില്‍നിന്ന് വിഭിന്നമായി എല്ലാ സമയത്തും കലാസംബന്ധിയായ ഇടപെടലുകള്‍ ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്നുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. അതിനാല്‍ തന്നെ ബിനാലെ പ്രദര്‍ശനങ്ങളില്ലാത്ത അവസരങ്ങളിലും ജനങ്ങള്‍ ഈ സംരംഭവുമായി അടുത്ത് ഇടപെടുന്നു. സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, പെപ്പര്‍ഹൗസ് റസിഡന്‍സ് പരിപാടി, സംഗീത സാന്ത്വന പരിപാടി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍, ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടി എന്നിവ ഉദാഹരണങ്ങളാണ്. ഇതെല്ലാം ബിനാലെയെ സജീവമാക്കി നിറുത്തുന്നുവെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ സെറ്റില്‍മെന്റ് ബംഗളുരു, അല്‍ ഹര്‍മാന്‍ സ്‌കൂള്‍ കോഴിക്കോട്, ഇഷ ഹോം സ്‌കൂള്‍സ് കോയമ്പത്തൂര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിനാലെ കാണാനെത്തിയിരുന്നു.
No comments:
Post a Comment