Wednesday, January 4, 2017

ഇസ്ലാമിക കലാരൂപങ്ങളുടെ പുനരുജ്ജീവന ലക്ഷ്യവുമായി ദാന അവര്‍ത്താനി



     കൊച്ചി: ഇസ്ലാമിക കലാരൂപങ്ങളുടെ പുനരുജ്ജീവനമാണ് പലസ്തീന്‍-സൗദി ആര്‍ട്ടിസ്റ്റായ ദാന അവര്‍ത്താനിയുടെ ലക്ഷ്യം. വിശ്വാസത്തെയും ഗണിതശാസ്ത്രത്തെയും സമന്വയിപ്പിച്ച് ആത്മീയമായ ആവിഷ്‌കാരം കൊച്ചി-മുസിരിസ് ബിനാലെയിലൂടെ ഉണ്ടാക്കിയെടുക്കുകയാണ് ദാന.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫി കവി ഇബ്‌ന് അറബി തന്റെ മക്ക സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയ പദ്യങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ദാന കൊച്ചി-മുസിരിസ് ബിനാലെയില്‍ തന്റെ കലാരൂപം സൃഷ്ടിച്ചത്. പെയിന്റിംഗ്, വര, തുന്നല്‍, ദാരു നിര്‍മ്മിതികള്‍ എന്നിവയാണ് ദാനയുടെ കലാസൃഷ്ടികള്‍. ഇവ ഗണിത ശാസ്ത്ര ആകാരഭംഗിയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാകുന്നു. ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളിലാണ് ദാന അവര്‍ത്താനിയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇസ്ലാമിക കലാരൂപങ്ങള്‍ കേവലം കല മാത്രമല്ല മറിച്ച് ദൈവത്തെ ആരാധിക്കാനുള്ള മാര്‍ഗം കൂടിയാണെന്ന് ദാന പറഞ്ഞു. അത് ക്ഷമയും ബഹുമാനവും പഠിപ്പിക്കുന്നു. ഇസ്ലാമിക കലാരൂപത്തിന്റെ അനുവാദക എന്ന നിലയില്‍ തന്റെ ജോലി സ്മരണയും പ്രാര്‍ത്ഥനയുമാണ്. നല്ല മനസാന്നിദ്ധ്യത്തിലിരിക്കുമ്പോള്‍ മാത്രമേ താന്‍ കലാരചന നടത്താറുള്ളൂവെന്നും അവര്‍ പറഞ്ഞു.
ലൗ ഇസ് മൈ ലോ, ലൗ ഇസ് മൈ ഫെയ്ത്(സ്‌നേഹമാണെന്റെ നിയമം, സ്നേഹമാണെന്റെ വിശ്വാസം) എന്നാണ് ദാന തന്റെ പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്ന പേര്. വലുതില്‍ നിന്ന് ചെറുതാകുന്ന രീതിയിലാണ് രചനകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉയിര്‍പ്പിലേക്കുള്ള ആത്മീയയാത്രയാണ് ഇതു കൊണ്ട് ദാന ഉദ്ദേശിച്ചിരിക്കുന്നത്.
എല്ലാ അക്കങ്ങള്‍ക്കും അര്‍ത്ഥമുണ്ടെന്നാണ് അവരുടെ പക്ഷം. എന്നാല്‍ തനിക്ക് പ്രിയപ്പെട്ട അക്കം എട്ടാണ്. ഗണിതശാസ്ത്രം, സംഖ്യാശാസ്ത്രം, ജാമ്യതീയ രൂപങ്ങള്‍ എന്നിവയിലെല്ലാം സൗന്ദര്യാത്മകമായി തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് എട്ട് എന്ന അക്ഷരത്തിന്റെ രൂപം. അറാബിയുടെ ശീലുകള്‍ പ്രകാരം അഷ്ടകോണ്‍ നക്ഷത്രം അന്ത്യവിധി ദിവസത്തില്‍ ദൈവത്തിന്റെ സിംഹാസനം താങ്ങിയിരിക്കുന്ന എട്ടു മാലാഖമാരെ സൂചിപ്പിക്കുന്നു. ഗഹനമായ ചിന്തയില്‍ ഇതിന് പുനര്‍ജ്ജനനത്തെ പ്രതിനിധീകരിക്കുന്നു. എട്ട് രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് ജറുസലേമിലെ ഡോം ഓഫ് റോക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ദാന വിശദീകരിക്കുന്നു.
സൂഫിസത്തിലൂന്നിയാണ് ദാനയുടെ രചനകളെല്ലാം. നിത്യതയിലേക്കുള്ള യാത്രയില്‍ അടയാളങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് സൂഫിസം ഉദ്‌ഘോഷിക്കുന്നു. തന്നെ എന്നും വിസ്മയിപ്പിച്ച ജാമ്യതീയ രൂപങ്ങളിലൂടെയാണ് ദാന കലയെയും ഗണിതശാസ്ത്രത്തെയും ഇഴചേര്‍ക്കുന്നത്.
സൂഫി കവിതയും പാഠങ്ങളും വിവിധ ബൗദ്ധിക തലത്തെ ഉണര്‍ത്താനും മനസിലാക്കാനുമുള്ള സൂചകങ്ങള്‍ നിറഞ്ഞ രഹസ്യഭാഷയാണ്. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ ഇസ്ലാമിക കലയെ സമകാലീന കലയുമായി പരിചയപ്പെടുത്താനാണ് തന്റെ പരിശ്രമമെന്നും ദാന പറഞ്ഞു.
പരമ്പരാഗത ശൈലിയെ സമകാലീനതയിലേക്ക് കൊണ്ടു വന്ന ദാനയുടെ പരിശ്രമം പ്രശംസനീയമാണെന്ന് ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. പരമ്പരാഗത രീതികളെ അടിസ്ഥാനമാക്കിയാണ് ദാനയുടെ സൃഷ്ടികളെങ്കിലും അതിന് സമകാലീന സ്വഭാവമാണ്. ഗണിതശാസ്ത്രത്തെ ഉപയോഗിച്ചുള്ള രചനകള്‍ ഈ സൃഷ്ടികളെ വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment