Saturday, January 21, 2017

കൊച്ചി മെട്രോ തൂണുകള്‍ക്ക് അലങ്കാരമായി ബിനാലെയുടെ ചിത്രപ്പണികള്‍



കൊച്ചി: ആലുവ മുതല്‍ വൈറ്റില വരെയുള്ള 20 കിലോമീറ്റര്‍ കൊച്ചി മെട്രോയുടെ നാനൂറില്‍പരം  തൂണുകള്‍ ബിനാലെ കലാകാരന്മാരുടെ ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം കൊച്ചി മെട്രോയും കൊച്ചി ബിനാലെ ഫൗണ്ടേഷനും ഒപ്പിട്ടു.

കൊച്ചി മെട്രോയുടെ തൂണുകളില്‍ ഒമ്പതടി പൊക്കത്തിലാണ് ബിനാലെ ഫൗണ്ടേഷന്‍ തങ്ങളുടെ കരവിരുത് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്റെ തനത് സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യത്തിലൂന്നിയാകും കലാസൃഷ്ടികള്‍. കലയെ കൂടുതല്‍ ബൃഹത്തായ തലത്തിലേക്ക് എത്തിക്കാനുള്ള ഫൗണ്ടേഷന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.

ബിനാലെ വേദികള്‍ക്കപ്പുറം കലയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷന്‍ ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മാര്‍ച്ച് 29 വരെയാണ്.  ഇക്കാലമത്രയും മെട്രോ തൂണുകള്‍ ബിനാലെ വേദികളാകും. 

ബിനാലെ ഫൗണ്ടേഷന്‍ സിഇഒ മഞ്ജു സാറാ രാജനും കെഎംആര്‍എല്‍ ഡയറക്ടര്‍ (പ്രോജക്ട്‌സ്) തിരുമന്‍ അര്‍ചുനനുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 

കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകള്‍ക്കടിയിലെ തൂണുകളെ ചിത്രപ്പണികളില്‍നിന്ന് ഒഴിവാക്കും. ആലുവ-മുട്ടം, കളമേശരി-(നിപ്പണ്‍ ടൊയോട്ട വഴി)പത്തടിപ്പാലം-ഇടപ്പള്ളി -ചങ്ങമ്പുഴ പാര്‍ക്ക്- നെഹ്‌റു സ്റ്റേഡിയം-കലൂര്‍ റൂട്ടിലുള്ള തൂണുകളാണ് ബിനാലെ ഫൗണ്ടേഷന്‍ അലങ്കരിക്കുന്നത്. മനോരമ, വൈറ്റില ജംഗ്ഷനുകളും  എംജിറോഡ്-മഹാരാജാസ് ഭാഗവും പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. 

കൊച്ചിയില്‍ ബിനാലെ എത്തിയത് തങ്ങളുടെ ഭാഗ്യമാണെന്നും ഇപ്പോള്‍ ബിനാലെ കൊച്ചിയെക്കാള്‍ വളര്‍ന്നിരിക്കുകയാണെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ലോകത്തിലെവിടെ വച്ചാണെങ്കിലും നിങ്ങള്‍ കൊച്ചിയില്‍നിന്നാണെന്ന് പറയുകയാണെങ്കില്‍ ആദ്യത്തെ പ്രതികരണം ബിനാലെയെക്കുറിച്ചായിരിക്കും. ഇത് ഞങ്ങള്‍ക്കു കിട്ടിയ ഏറ്റവും വലിയ അവസരമാണ്. ബിനാലെയ്ക്ക് തങ്ങളുടെ എല്ലാ ആശംസകളും. ഇപ്പോഴത്തെ സഹകരണം ഭാവിയിലെ ബിനാലെ പതിപ്പുകളിലും തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മെട്രോ ട്രെയിനുകളും ബിനാലെയുടെ സഹകരണത്തോടെ കലാപരമാക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

ലോകനഗരങ്ങളില്‍ മോസ്‌കോ മുതല്‍ മുംബൈ വരെ സബ്‌വേ-പൊതുഗതാഗത സംവിധാനങ്ങളെ  നൂതനമായ കലാസൃഷ്ടികളെ വേദിയാക്കുന്നതിന്റെ അവസാന കണ്ണിയാണ് കൊച്ചി. പൊതുജനങ്ങളുടെ പതിവുയാത്രകളെ കലാപ്രകടനങ്ങളിലൂടെ പുത്തന്‍ അനുഭവങ്ങളാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ബിനാലെയെ പ്രോത്സാഹിപ്പിക്കുകയും അതിനു പ്രചാരം നല്‍കുകയും ചെയ്യുന്നതിനോടൊപ്പംതന്നെ കലാസൃഷ്ടികളെ വിശാലമായ അര്‍ഥത്തില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യവും സംഘാടകര്‍ക്കുണ്ട്. 

കൊച്ചി മെട്രോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൊച്ചിയിലെ ജീവിതരീതികളെയും യാത്രയെയും  മാറ്റിമറിക്കാന്‍ പോകുന്നതാണ് മെട്രോയെന്നും ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. മെട്രോയില്‍ കയറാന്‍ ടിക്കറ്റെടുക്കുമ്പോള്‍ അത് ബിനാലെ കാണാന്‍ കൂടിയാകുമെന്ന് സമീപഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം. കല ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാകുകയം ജനങ്ങളുടെ പൊതു കേന്ദ്രങ്ങളില്‍ അത് ലഭ്യമാകുകയും ചെയ്യുന്ന മികച്ച ഭാവിയിലേയ്ക്കാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ചലിക്കുന്ന കലാപ്രകടനമായാണ് മെട്രോയെ കാണേണ്ടത്. ഈ സഹകരണം വന്‍ വിജയമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-റിയാസ് കോമു ചൂണ്ടിക്കാട്ടി.

No comments:

Post a Comment