Saturday, January 28, 2017

ബിനാലെയിലെ റിപ്പബ്ലിക് ദിനാഘോഷം: വിന്റേജ് വാഹനങ്ങള്‍ വേദിയില്‍ അണി നിരന്നു




കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കൊച്ചിന്‍ വിന്റേജ് ക്ലബുമായി സഹകരിച്ച് സ്വാതന്ത്ര്യത്തിന് മുമ്പേ പുറത്തിറങ്ങിയ കാറുകളുടെ പ്രദര്‍ശനം നടത്തി.  റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബിനാലെ വേദിയില്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു.

 ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ട്രസ്റ്റ് അംഗങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്തു. 
എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാറുള്ള വിന്റേജ് കാര്‍ റാലി ഇക്കുറി പനമ്പിള്ളി നഗറില്‍ നിന്ന് തുടങ്ങി ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍ സമാപിച്ചു. ആകെ 22 വിന്റെജ് വാഹനങ്ങളാണ് ആസ്പിന്‍വാളിലെത്തിയത്. ഇതില്‍ 17 കാറുകളും 5 ബൈക്കുകളും ഉള്‍പ്പെടുന്നു. ജാവ, യെസ്ഡി, രാജ്ദൂത് എന്നീ ബൈക്കുകളാണ് ഉണ്ടായിരുന്നത്.

1946 മോഡല്‍ ഓസ്റ്റിന്‍, 1955 മോഡല്‍ ഡോഡ്ജ്, എന്നിവയായിരുന്നു വിന്റേജിലെ താരങ്ങള്‍. ആക്രിക്കടയില്‍ കിടന്നിരുന്ന ഡോഡ്ജ് കാര്‍ നന്നാക്കിയെടുക്കുന്നതിന്റെ അമ്പതില്‍ പരം ഫോട്ടോകള്‍ അടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

തുരമ്പിച്ച തകര്‍ന്ന വാഹനങ്ങള്‍ പുന:സൃഷ്ടിച്ചെടുക്കുന്നത് തന്നെ ഒരു കലാപ്രകടനമാണെന്നാണ് കൊച്ചിന്‍ വിന്റേജ് ക്ലബിന്റെ പ്രസിഡന്റ് റെനീഷ് രവിയുടെ പക്ഷം. കാര്‍ നന്നാക്കിയെടുക്കുന്നതിലും ബുദ്ധിമുട്ടാണ് ഇത് സംരക്ഷിച്ചു പോരുകയെന്നത്. തികച്ചും വ്യക്തിപരമായ താത്പര്യത്തിന്റെ പുറത്താണ് പഴമയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി തങ്ങള്‍ ഈ ഉദ്യമവുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ പഴമയുമായി ബന്ധപ്പെട്ട ഒരു ഉദ്യമവുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഇതില്‍ പങ്കാളിയായതു വഴി വിന്റേജ് വാഹനപ്രേമികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment