Monday, February 6, 2017

ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്റെ വിജയം മെര്‍ക്കും ബിനാലെ ഫൗണ്ടേഷനും ചേര്‍ന്ന്‌ ആഘോഷിക്കും




കൊച്ചി: മെര്‍ക്കിന്റെ പിന്തുണയോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പിന്തുണ നല്‍കിയ ഈ പരിപാടിയില്‍ 40 സ്‌ക്കൂളുകളില്‍ നിന്നുള്ള രണ്ടായിരം വിദ്യാര്‍ത്ഥികളാണ്‌ ആദ്യ ഘട്ടത്തില്‍ പങ്കെടുത്തത്‌. ഈ വര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്തെ 14 ജില്ലകളിലുമായി അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികളെ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ പരിപാടിയില്‍ പങ്കാളികളാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കലാകാരന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഈ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ സ്‌ക്കൂള്‍ അധ്യാപകരേയും പങ്കാളികളാക്കും. അധ്യാപക പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന 75 ല്‍ ഏറെ അധ്യാപകര്‍ ഈ പുതിയ വിദ്യാഭ്യാസ സങ്കേതങ്ങളും വിപുലമായ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തിയുള്ള ആശയ വിനിമയത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കും. 

മെര്‍ക്ക്‌ ഇന്ത്യയുടെ 50 -മത്‌ വര്‍ഷം എന്ന നിലയില്‍ കലാകാരന്‍മാരുടെ ലോകവുമായി സഹകരിക്കാന്‍ തങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ വേളയാണ്‌ 2017 എന്ന്‌ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ വിജയത്തെക്കുറിച്ചു പ്രതികരിക്കവെ മെര്‍ക്ക്‌ ഇന്ത്യ മാനേജിങ്‌ ഡയറക്ടര്‍ ആനന്ദ്‌ നമ്പ്യാര്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിതം പ്രോല്‍സാഹിപ്പിക്കുകയും യുവ മനസ്സുകളില്‍ ജിജ്ഞാസയും പുതുമകള്‍ കണ്ടെക്കാനുള്ള ആഗ്രഹവും വളര്‍ത്തുകയും ചെയ്യുന്ന ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ പരിപാടി മെര്‍ക്കിന്റെ പ്രതിബദ്ധതയുമായി കൃത്യമായി യോജിച്ചു പോകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാപരമായ വിദ്യാഭ്യാസം കുട്ടികളുടെ സര്‍വ്വോന്‍മുഖമായ വികസനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്‌. ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ ആരോഗ്യ ക്രിയാത്മകതാ മേഖലകള്‍ തമ്മിലുള്ള അന്തരമില്ലാതാക്കാന്‍ സഹായിക്കന്നതാണ്‌. ഈ പരിപാടിയുടെ വിജയത്തില്‍ ആഹ്ലാദിക്കുന്ന തങ്ങള്‍ നൂറു സ്‌ക്കൂളുകള്‍ എന്ന നാഴികക്കല്ലു പിന്നിടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ വൈവിധ്യാത്മകത കലയിലൂടെ ആഘോഷിക്കുന്നതിന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എന്നും വലിയ പ്രാധാന്യമാണു നല്‍കി വരുന്നതെന്ന്‌ കൊച്ചി മുസ്സരിസ്‌ ബിനാലെ പ്രോഗ്രാം ഡയറക്ടര്‍ റിയാസ്‌ കോമു പറഞ്ഞു. മെര്‍ക്കിന്റെ പിന്തുണയോടെ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ പരിപാടിക്കു തുടക്കം കുറിക്കാനും കലാ വിദ്യാഭ്യാസത്തിനു ശക്തി പകരാനും ആയതില്‍ തങ്ങള്‍ക്കേറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എ.ബി.സി. ഗാലറി: കുട്ടികളുടെ രചനകള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള രാജ്യത്തെ ആദ്യ കലാ പ്രദര്‍ശനമാണ്‌ ആസ്‌പിന്‍വാള്‍ ഹൗസിലുള്ളത്‌. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഗാലറിയിലെ ആദ്യ സന്ദര്‍ശകന്‍. റിയാസ്‌ കോമുവും മനു ജോസഫും ക്യൂറേറ്റു ചെയ്യുന്ന ഈ പ്രദര്‍ശനത്തില്‍ ആര്‍ട്ട്‌ ഓഫ്‌ ചില്‍ഡ്രന്‍ (എ.ബി.സി.) പരിപാടിയില്‍ കുട്ടികള്‍ നടത്തിയ രചനകള്‍ വിവിധ ആഴ്‌ചകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. എ.ബി.സി. പരിപാടിയുടെ സവിശേഷതകള്‍ വിശദീകരിക്കന്ന വീഡിയോയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.
എ.ബി.സി. കനോപ്പി: ആസ്‌പിന്‍വാള്‍ ഹൗസില്‍ മാവുകളുടെ തണലിലുള്ള തുറന്ന സ്ഥലത്താണിതുള്ളത്‌. ഡ്രോയിങ്‌ ബോര്‍ഡുകളും മറ്റു കലാ സാമഗ്രികളും ഇവിടെ എത്തുന്ന ഏതു പ്രായത്തിലുമുള്ള കുട്ടികളേയും അവരുടെ കൊച്ചി മുസ്സരിസ്‌ ബിനാലെയിലെ അനുഭവങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ക്ഷണിക്കും. 
ആരോഗ്യം, പരിസ്ഥിതി, സംസ്‌ക്കാരം എന്നീ മൂന്നു മേഖലകളിലായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌ മെര്‍ക്ക്‌ കോര്‍പ്പറേറ്റ്‌ സാമൂഹ്യ പ്രതിബദ്ധതാ നീക്കങ്ങള്‍ നടത്തുന്നത്‌. ശാസ്‌ത്രത്തേയും സാങ്കേതികവിദ്യാ മുന്നേറ്റങ്ങളേയും സ്വീകരിക്കാനുള്ള ജനങ്ങളുടെ കഴിവിനെ വിപുലമാക്കുന്നതാണ്‌ സംസ്‌ക്കാരം. അതു കൊണ്ടു തന്നെയാണ്‌ മെര്‍ക്ക്‌ ആഗോള തലത്തില്‍ സാംസ്‌ക്കാരിക, വിദ്യാഭ്യാസ, കലാ പ്രവര്‍ത്തനങ്ങളില്‍ വിപുലമായ പിന്തുണ നല്‍കുന്നത്‌. ഇന്ത്യയില്‍ മെര്‍ക്ക്‌-ടാഗോര്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 

No comments:

Post a Comment