കൊച്ചി: കലാവിഷ്‌കാരത്തിന് ബഹിര്‍സ്‌ഫുരത നല്‍കുന്ന കാര്യത്തില്‍ കൊച്ചിബിനാലെ വിപ്ലവമാണ് സൃഷ്ടിക്കുന്നതെന്ന് ബിനാലെ കാണാനെത്തിയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്ര സംവിധായകര്‍. ജയരാജ്, കമല്‍, ഉമേഷ് കുല്‍ക്കര്‍ണി, കമല്‍ കെ എം എന്നിവരാണ് കൊച്ചിമുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാനെത്തിയത്.
ജീവിതത്തെ വിശകലനം ചെയ്യുന്നതിലെ വീക്ഷണ കോണുകള്‍ ബിനാലെ വിശാലമാക്കിയെന്ന് ജയരാജ് അഭിപ്രായപ്പെട്ടു. കലാകാരന്റെ വീക്ഷണം പ്രതിഷ്‌ഠാപനമായി അവതരിപ്പിക്കുന്നത് ബിനാലെയിലാണ് താന്‍ കാണുന്നത്. പിന്നീട് കാണുന്ന ഓരോന്നും പ്രതിഷ്‌ഠാപനമായയി തോന്നി. ഒറ്റ സൃഷ്ടി കൊണ്ടു തന്നെ ആ ആര്‍ട്ടിസ്റ്റ് പ്രതിനിധാനം ചെയ്യുന്ന ഭൂപ്രകൃതിയും അവിടുത്തെ സാമൂഹ്യ ജീവിതരീതിയുമെല്ലാം മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലയെ ഗഹനമായി മനസിലാക്കാന്‍ പൊതുജനത്തെ ബിനാലെ പ്രാപ്‌തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിനിമ, വിദ്യാര്‍ത്ഥിലോകം എന്നിവയ്‌ക്ക് കൂടി അവസരം നല്‍കുന്നതോടെ ബിനാലെ വിപ്ലവമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യമായ പ്രതികരണം, രാഷ്ട്രീയ വീക്ഷണം, നിസ്സഹായാവസ്ഥ, എന്നിവയെല്ലാം കലാപരമായി അവതരിപ്പിച്ചിരിക്കുന്നു. ഉപരിപ്ലവമായ യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറി ചിന്തിപ്പിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലേക്കു തുറന്നിട്ടിരിക്കുന്ന ജാലകമാണ് ബിനാലെയന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കലാസൃഷ്ടികളായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നുവെന്ന് നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ കമല്‍ പറഞ്ഞു. അലെസ് ഷ്‌റ്റെയ്‌ഗറുടെ നാടുകടത്തപ്പെട്ട കവികളുടെ പിരമിഡും, അഭയാര്‍ത്ഥി ദുരന്തത്തിന്റെ പ്രതീകമായ അലന്‍കുര്‍ദിയ്‌ക്ക് സമര്‍പ്പണമായി റൗള്‍ സുരീത സൃഷ്ടിച്ച സീ ഓഫ് പെയിനും തന്നെ ഏറെ സ്വാധീനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ശക്തികള്‍ ലോകത്ത് പിടിമുറുക്കുമ്പോള്‍ ഈ പ്രമേയങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ചരിത്രമുഹൂര്‍ത്തങ്ങളിലൂടെ കടന്നു വന്ന ജനങ്ങളുടെ ജീവിതമാണ് ബിനാലെയില്‍ വരച്ചുകാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് തങ്ങളുടെ പരമ്പരാഗത ശീലങ്ങള്‍ മാറ്റി വച്ച് ഒരു പ്രമേയത്തിനെ അടിസ്ഥാനമാക്കി കലാസൃഷ്ടികള്‍ നടത്താനായി എന്നതാണ് ബിനലെയുടെ പ്രത്യേകതയെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. ശബ്ദം, ദൃശ്യം, സിനിമ തുടങ്ങി നിരവധി മാധ്യമത്തില്‍ കലാസൃഷ്ടികള്‍ നടത്തുന്നവരെ ഒന്നിപ്പിച്ച് സമഗ്രമായ കലാപ്രദര്‍ശനം നടത്തുന്നത് ശ്രമകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ ചലച്ചിത്രപ്രദര്‍ശനത്തില്‍ അണ്‍ ഡിപ്ലോമാറ്റിക് ടൈസ് എന്ന വിഭാഗം ക്യൂറേറ്റ് ചെയ്‌തിരിക്കുന്നത് ഉമേഷ് കുല്‍ക്കര്‍ണിയാണ്. സ്‌കൂള്‍കുട്ടികള്‍ ഒരുക്കിയ ഹ്രസ്വചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ കലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ബിനാലെയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ കമല്‍ കെഎം പറഞ്ഞു. അത്യന്താധുനിക കലാരീതികള്‍ നൂതനമായ ചിന്താസരണിയിലൂടെയാണ് ബിനാലെ അവതരിപ്പിക്കുന്നത്. ഇതിന് പകരം വയ്‌ക്കാന്‍ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment